കറുകച്ചാൽ: കടം നൽകിയ പണം തിരികെ ചോദിച്ചതിന് ഇന്റർലോക്ക് കട്ട കൊണ്ട് ഇടിച്ചു പരിക്കേൽപിച്ചതായി പരാതി. കങ്ങഴ മുണ്ടത്താനം പള്ളി തെക്കേതിൽ അൻസാരി മുഹമ്മദ്(56)നാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളാവൂർ മുടിമല പൂതക്കുഴിയിൽ അജേഷ് കുമാർ(44)നെ കറുകച്ചാൽ പൊലിസ് അറസ്റ്റ് ചെയ്തു.
കൈയ്ക്കും മുഖത്തും പരിക്കേറ്റ അൻസാരി കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9.30ന് മുണ്ടത്താനം കവലയ്ക്കടുത്താണ് സംഭവം. അൻസാരി മുഹമ്മദ് തനിക്ക് കിട്ടാനുള്ള പണം ചേദിച്ചതിൽ ക്ഷുഭിതനായി അജേഷ് കുമാർ അസഭ്യം പറയുകയും തള്ളിയിടുകയുമായിരുന്നു. എഴുന്നേറ്റു വന്ന അൻസാരിയെ നിരത്തിയിട്ടിരുന്ന ഇന്റർ ലോക്ക് കട്ടയെടുത്ത് കൈയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.അൻസാരിയുടെ ഇടത് കൈക്കുഴയ്ക്ക് പൊട്ടലും മുഖത്തെ മൂന്നു പല്ലുകൾ ഒടിയുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. കറുകച്ചാൽ എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.